ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ വീഴ്ചകൾ ഇനിയും അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയം കോടതി അതിഗൗരവത്തോടെയും കർശനമായും നിരീക്ഷിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറാൻ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഓൺലൈൻ രീതിയിലേക്ക് മാറുമ്പോൾ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നും വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും, ഇത് സംബന്ധിച്ച് സമഗ്രമായ ഒരു കാഴ്ചപ്പാട് കോടതിയിൽ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭ്യർത്ഥിച്ചു. കോടതി കേസ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി.
ചോദ്യച്ചോർച്ച തടയുന്നതിനായി 2024-ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്റ്റിൽ കൂടുതൽ കർശന ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. കുറ്റക്കാർക്ക് കൂടുതൽ തടവും ഉയർന്ന പിഴയും ഏർപ്പെടുത്തുന്നതിനൊപ്പം ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.